വോട്ടുബാങ്ക് മതേതരത്വം

രാജ്യം മറ്റൊരു പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. നാഴികയ്ക്കു നാല്പതുവട്ടം മതേതരത്വം പറയുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യം വ്യക്തമാക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ നിത്യവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മതവും ജാതിയും നോക്കി മുന്നണി ബന്ധങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും നടത്താത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും എങ്ങും കാണാനില്ല. വോട്ടുറപ്പിക്കാന്‍ 540 മണ്ഡലങ്ങളിലെയും വോട്ടര്‍മാരുടെ മതവും ജാതിയുമാണ് അധികാരമോഹികളായ രാഷ്ട്രീയക്കാരുടെ മുഖ്യ പരിഗണനാവിഷയം. ജനങ്ങളില്‍ അന്തര്‍ലീനമായ മതേതരത്വബോധത്തെ ചവിട്ടിമെതിക്കുന്ന, ഹീനമായ ജനാധിപത്യധ്വംസനമാണ് രാഷ്ട്രീയകക്ഷികള്‍ നടത്തുന്നത്.

ഭരണകൂടം മതനിരപേക്ഷമാണ് എന്നല്ലേ മതേതരത്വം കൊണ്ട് ഉദ്ദേശിക്കുന്നത്? ഭരണം നടത്താന്‍ പോകുന്നവര്‍ മതനിരപേക്ഷകരല്ലെങ്കില്‍ ഭരണകൂടം മതനിരപേക്ഷമാവുമോ? ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന ഇംഗ്ലീഷുകാരന്റെ തന്ത്രം പിന്‍തുടര്‍ന്ന് ഭരണവര്‍ഗമായ രാഷ്ട്രീയക്കാര്‍ മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ടുബാങ്ക് സൃഷ്ടിക്കുന്ന ഹീനതന്ത്രം പയറ്റുന്നു. ഇത്തരം രാഷ്ട്രീയം രാജ്യത്തിന്റെ ബഹുസ്വരതയും മതനിരപേക്ഷതയും ജനാധിപത്യവും അപകടത്തിലാക്കുമെന്ന യാഥാര്‍ത്ഥ്യം നാം തിരിച്ചറിയാതെ പോകുന്നത് അപകടമാണ്. ജനങ്ങളുടെ മൗലീകാവകാശങ്ങളെല്ലാം അടിച്ചമര്‍ത്തപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് ജനനേതാക്കളെയെല്ലാം ജയിലിലടച്ച് സര്‍വാധിപതിയായി രാജ്യം ഭരിച്ചവര്‍ 1976 ല്‍ ‘മതേതരത്വം’ എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തതുകൊണ്ടല്ല ഇന്ത്യ മതേതരമായത്. ഭരണഘടനാ ശില്പികള്‍ മതേതരത്വം എന്ന വാക്ക് ഭരണഘടനയില്‍ എഴുതി ചേര്‍ക്കാതിരുന്നത് വിവരക്കേടുകൊണ്ടുമല്ല; സര്‍വധര്‍മ്മസമഭാവനയില്‍ അധിഷ്ഠിതമായ ഇന്ത്യയുടെ ആത്മചൈതന്യം തിരിച്ചറിയാന്‍ അന്നത്തെ ദേശീയ നേതാക്കള്‍ പ്രാപ്തരായിരുന്നതുകൊണ്ടാണ്. ഭരണഘടനയുടെ ആമുഖമെഴുതാന്‍ ചുമതലപ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ബി.ആര്‍. അബേദ്കറുടെയും മതനിരപേക്ഷതയില്‍ ആര്‍ക്കാണ് സംശയമുള്ളത്?

ഭരണഘടനയനുസരിച്ച് തുല്യമായ അവകാശങ്ങളും കടമകളുമുള്ള പൗരന്മാരാണ് നാമെല്ലാം; മതവും വിശ്വാസവും പൗരന്മാരുടെ തികച്ചും വ്യക്തിപരമായ കാര്യം മാത്രം. ജാതി തികച്ചും അപ്രസക്തവും, ജാതിവിവേചനം ക്രിമിനല്‍ കുറ്റവുമല്ലേ? യാഥാര്‍ത്ഥ്യം ഇതാണെങ്കിലും, മതവും ജാതിയുമല്ല, ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്‍കുന്ന പൗരത്വമാണ് മുഖ്യമെന്ന തിരിച്ചറിവില്ലാതെ, എന്തിനും ഏതിനും മതവും ജാതിയും തിരയുന്ന വോട്ടര്‍മാരായ നമ്മളല്ലേ ആദ്യം തെറ്റുതിരുത്തേണ്ടത്?